ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകനായ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതവും തിരോധാനവും ആസ്പദമാക്കിയുള്ള "സത്ലജ്’ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്തതിൽ വ്യാപക വിമർശനം.
ഒടിടി പ്ലാറ്റ്ഫോമായ സീ5ൽ റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുശേഷം സിനിമ നീക്കം ചെയ്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരേയുള്ള വെല്ലുവിളിയാണെന്നും സത്യത്തിനുമേലുള്ള സർക്കാരിന്റെ സെൻസർഷിപ്പാണെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രീയനേതാക്കളും സമൂഹമാധ്യമ ഉപയോക്താക്കളുമാണ് രംഗത്തു വന്നത്.
പ്രശസ്ത ഗായകനും പഞ്ചാബി നടനുമായ ദിൽജിത് ദോസാൻജ് നായകനായുള്ള സിനിമ 2022ൽ നിർമിച്ചതാണെങ്കിലും സെൻസർ ബോർഡുമായുള്ള നാലു വർഷത്തെ നിയമപോരാട്ടത്തിനുശേഷമായിരുന്നു ഒടുവിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായത്. "പഞ്ചാബ് 95’എന്നു മുമ്പ് പേരുണ്ടായിരുന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നിർമാതാക്കൾ തിയറ്ററിൽ റിലീസ് ചെയ്യാതെ സീ5ൽ റിലീസ് ചെയ്തത്.
എന്നാൽ റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുശേഷം മാത്രം ചിത്രം പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്യാനുള്ള ഉത്തരവുണ്ടാകുകയായിരുന്നു. സിനിമയുടെ ഭാഗങ്ങൾ രാജ്യവിരുദ്ധ ശക്തികൾ ദുരുപയോഗിച്ചേക്കുമെന്ന ഭീതിയിലാണ് കേന്ദ്രം 1990കളിലെ പഞ്ചാബിനെ ചിത്രീകരിക്കുന്ന സിനിമ നീക്കം ചെയ്തതെന്നാണു സൂചന.
"സത്ലജ് ’ സിനിമ കണ്ടാൽ രാജ്യത്തു വിഘടനവാദം ഉണ്ടാകുമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണമെങ്കിൽ "കേരള സ്റ്റോറി’കാണുന്നത് രാജ്യത്തു മതസൗഹാർദം വളർത്തുമെന്നാണോ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ വിഷയത്തിൽ പ്രതികരിച്ചു.
ഇതു വെറുമൊരു സെൻസർഷിപ്പ് മാത്രമല്ലെന്നും നമ്മുടെയെല്ലാം കൂട്ടായ ഓർമയ്ക്കും സത്യത്തിനും ആവിഷ്കാര സ്വാതന്ത്രത്തിനും മേലുള്ള ആക്രമണമാണെന്നും ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പ്രതികരിച്ചു. ഒരു രാജ്യം അതിന്റെ സ്വന്തം ചരിത്രത്തെ ഭയപ്പെടുമ്പോൾ സെൻസർഷിപ്പ് അതിന്റെ ഏറ്റവും ഭയാനകമായ ആയുധമായി മാറുമെന്ന് എഎപി എംപി മൽവീന്ദർ സിംഗ് പ്രതികരിച്ചു.
ആരാണ് ജസ്വന്ത് സിംഗ് ഖൽറ?
പഞ്ചാബിലെ കലാപത്തിന്റെ കാലഘട്ടത്തിൽ പോലീസ് നടത്തിയ കൊലപാതകങ്ങളുടെയും കുടുംബാംഗങ്ങളെ അറിയിക്കാതെ അവരുടെ മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞതുമായ സംഭവങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന മനുഷ്യാവകാശ പ്രവർത്തകനാണ് ജസ്വന്ത് സിംഗ് ഖൽറ.
ഞെട്ടിക്കുന്ന അന്വേഷണറിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ജസ്വന്ത് സിംഗിനെ 1995ൽ കാണാതായി. വീടിനുപുറത്ത് കാർ കഴുകുന്ന ജസ്വന്തിനെയാണ് പലരും അവസാനമായി കണ്ടത്.
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നു സംശയിക്കപ്പെടുന്ന ജസ്വന്തിനെ പിന്നീട് ആരും കണ്ടിട്ടില്ല, മൃതദേഹാവശിഷ്ടങ്ങളും ലഭിച്ചിട്ടില്ല. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തിൽ ജസ്വന്തിനെ താരൺ തരൺ എന്ന പോലീസ് സ്റ്റേഷനിൽ കൊണ്ടുചെന്നിരുന്നുവെന്ന തെളിവുകൾ കണ്ടെത്തി.
വർഷങ്ങളുടെ നിയമപോരാട്ടത്തിനു ശേഷം 2007ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജസ്വന്ത് സിംഗിന്റെ തിരോധാനത്തിൽ നാലു പോലീസുകാർക്ക് ജീവപര്യന്തമുൾപ്പെടെ ശിക്ഷ വിധിച്ചു.